Skip to main content

ആമി

 അങ്ങനെ അതിശൈത്യം മഞ്ഞുതൊപ്പികളിട്ട കാടും നനുത്ത ഉപ്പിനെ മുഖത്തു പതിപ്പിക്കുന്ന കടൽകാറ്റും കടന്ന് ഞാന്‍ അയാളെ കണ്ടു. തേജസ്സ് വറ്റിയ മുഖം . കറുത്തിട്ടുണ്ട്. അലസമായി സ്വയം വെട്ടിയ മുടി. അവിടവിടെ നര. നരച്ചാൽ മങ്ങുമെന്ന് അമ്മുമ്മ പറഞ്ഞിട്ടുണ്ട് . ശരിയാ, അമ്മുമ്മയും മങ്ങിയതായിരുന്നു.




"ചേട്ടാ!"

അയാളെ ഞാന്‍ അങ്ങനെയാണ് വിളിക്കുന്നേ. രക്തമല്ലെങ്കിലും അയാള്‍ എന്റെ ചേട്ടനാണെന്ന് പറയുന്നത് എനിക്ക് അഭിമാനമായിരുന്നു.

"എന്തടാ ഞാനും മങ്ങിയെന്ന് തോന്നുന്നോ?"

എന്റെ മുഖം എന്നെ ഇങ്ങനെ ചതിക്കാറുണ്ട്.

"ഇതെല്ലാം മങ്ങാൻ വേണ്ടി ഉണ്ടാക്കിയതാടാ.. മങ്ങിയാലെ പുതിയത് വരൂ. പുതിയ ഉടുപ്പ്.. പാൻസ്.. പക്ഷേ നീയും ഞാനും മങ്ങും. എന്റെ ആമിക്കുട്ടി മങ്ങിയ പോലെ. അവള് മങ്ങി മാഞ്ഞപ്പോഴല്ലേ അപ്പൂ ഞാന്‍ മങ്ങിത്തുടങ്ങിയേ.. പക്ഷേ കണ്ട് കൊതി തീർന്നില്ലടാ ഞാന്‍ .. അത് പുതിയത് വരില്ല."

നിശബ്ദത. ഇതൊരു കൊല്ലലാണ്. ആൾക്കൂട്ടത്തിലെ ഒറ്റപ്പെടലിന്റെ നിശബ്ദത ചേട്ടനറിയാം. ആമിക്കുട്ടി പോകുമ്പോ ചേട്ടന്‍ ഈ ലോകത്തിന് മുകളിലായിരുന്നു. അവിടെന്നുളള വീഴ്ചയാ. ചേട്ടനായിരുന്നു എന്റെ നട്ടെല്ല്. അത് തകർന്നു.



തീപ്പെട്ടിക്കൊളളി ഉരഞ്ഞു. ഒരു പുക എടുത്ത് " ഒരണ്ണം വേണോ?"

പണ്ട് ഞാന്‍ കളിയാക്കുമായിരുന്നു. " ഔദി കാറിനകത്ത് കൂതറത്തീപെട്ടി വെയ്ക്കല്ല്! " അപ്പോ " വന്ന വഴി കുഴിയിലാകും വരെ മറക്കല്ല് കൂതറേ!" എന്ന് പറഞ്ഞ് കണ്ണിറുക്കും.

"ഞാന്‍ വലിക്കില്ലല്ലോ.."

"ഇല്ല . നീ വലിക്കില്ല. വലിച്ചാൽ നിന്നെ ഞാന്‍ കൊല്ലും. "

ചിരി. പണ്ട് പലരും കണ്ട് കൊതിച്ച ആ ചിരി. അയാള്‍ ചിരിക്കുംപോ നെറ്റി ചുളിയുമായിരുന്നു. ചിരി മാഞ്ഞു.

ഇരുണ്ട ടെൻറ്റ്. ഒരു വശത്ത് ആമിക്കുട്ടിയുടെ ഫോട്ടോ ഒട്ടിച്ചു വെച്ചിരിക്കുന്ന്. അതിന്റെ അറ്റം മടങ്ങിയിട്ടുണ്ട്. ഞാന്‍ എടുത്ത ഫോട്ടോ ആണ് . അവള്ടെ കുഞ്ഞിപ്പല്ല് ചിരി ആദ്യം കണ്ടത് എന്റെ കണ്ണാ.. എന്ത് രസാന്ന് അറിയോ.. കുസൃതിക്കുടുക്ക!

ആമിടെ കണ്ണടഞ്ഞതും എന്റെ കൈയ്യില്‍ കിടന്നാ. ആറ് വയസ്സ്. ആശുപത്രി പോണ വഴി. വഴിയില്‍ കിടന്ന മോളെ വണ്ടിയില്‍ കൊണ്ടു പോയപ്പോ. കുറേ പേര് മുട്ടായി കൊടുത്ത് വാമൂടിപ്പിടിച്ച് നശിപ്പിച്ചപ്പോ.

ഞാന്‍ അന്ന് അവിടെ തങ്ങി. പക്ഷേ ഞാന്‍ അവിടെ പോയിരുന്നില്ല. അയാളെ കണ്ടില്ല. തിരിച്ചു വന്നതുമില്ല.

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ