Skip to main content

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ
മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടായിരിക്കും. മുല്ലശ്ശേരി രാജഗോപാൽ എന്നയാളുടെ ജീവിതം രഞ്ജിത്ത് ബാലകൃഷ്ണൻ എഴുതിയപ്പോൾ സംവിധാനം ചെയ്തത് ഐവി ശശി. എന്നാൽ മംഗലശ്ശേരി നീലകണ്ഠൻ വാഴ്ത്തപ്പെടേണ്ട ഒരു ഹീറോ ആണോ? ഹീറോ അല്ല , ഹീറോ വില്ലൻ ആണെന്ന് കുറച്ചധികം അഭിപ്രായം ഉണ്ട് താനും.
എന്ത് കൊണ്ട് മംഗലശ്ശേരി നീലകണ്ഠൻ ഒരു വില്ലൻ ആയിക്കൂടാ ? പറഞ്ഞു തരാം !

1990കളിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. 150 ലധികം ദിവസങ്ങൾ തീയറ്ററുകളിൽ ഓടിയ ഈ ചിത്രം മോഹൻലാലിൻറെ മാത്രമല്ല, ഐ വി ശശിയുടെ കൂടെ മികച്ച ചിത്രമാണ് . ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധ നേടിയവയാണ്. അംഗോപാംഗം , മേടപ്പൊന്നണിയും , സൂര്യകിരീടം തുടങ്ങി 10 ഓളം ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് . ഗിരീഷ് പുത്തൻചേരിയുടെ രചന , എം ജി രാധാകൃഷ്ണന്റെ സംഗീതം .1990 കളിൽ ഒരു കൊമേർഷ്യൽ ചിത്രത്തിലെ എല്ലാ ഘടകങ്ങളും ഒന്നു ചേർന്ന ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ വേഷമിട്ടപ്പോൾ മുണ്ടയ്ക്കൽ ശേഖരനായി വന്നത് നെപ്പോളിയനാണ് . ഭാനുമതിയായി രേവതിയും വാര്യരായി ഇന്നസെന്റും അഭിനയിക്കുന്നു.

മംഗലശ്ശേരി നീലകണ്ഠൻ ഒരു തെമ്മാടിയാണ്.പെണ്ണുപിടിയൻ, കള്ളുകുടിയൻ. മംഗലശ്ശേരി തറവാടിന്റെ അന്തസ്സിന്റെ അടിത്തറ പൊളിച്ച അനന്തരാവകാശി . തന്റെ അച്ഛന്റെ പേര് കൂടി നീലകണ്ഠന്റെ ചെയ്‌തികൾ കൊണ്ട് അധഃപതിച്ചു. മംഗലശേരി തറവാടിന്റെ ആജന്മശത്രുക്കളാണ് മുണ്ടയ്ക്കൽ തറവാട്. മുണ്ടയ്ക്കൽ ശേഖരന്റെ അമ്മാവൻ മുണ്ടയ്ക്കൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മംഗലശ്ശേരി നീലകണ്ഠന്റെ ശിങ്കിടികളിൽ ഒരാൾ കശപിശയ്ക്കിടയിൽ കൊല്ലുന്നു . സ്വാഭാവികമായും അയാൾക്ക് അഭയം മംഗലശ്ശേരി തറവാടാണ്. തന്റെ അമ്മാവനെ കൊന്നവനെ സംരക്ഷിക്കുന്ന , പ്രീതിയേകിച്ച ആജന്മ ശത്രു മംഗലശ്ശേരി നീലകണ്ഠനോട് മുണ്ടയ്ക്കൽ ശേഖരന് രോഷം തോന്നുന്നത് തികച്ചും സ്വാഭാവികം, ഒരു തെറ്റുമില്ല.മംഗലശ്ശേരി നീലകണ്ഠൻ ഒരു പുണ്യത്‌മാവ്‌ ആയിരുന്നെങ്കിൽ ശേഖരനെതിരെ അല്പമെങ്കിലും പറയാമായിരുന്നു. അല്ലല്ലോ.! നാടാകെ കശപിശ നടത്തുന്ന ഒരു ചട്ടമ്പിയെക്കാൾ തറ ജീവിതം. നാടാകെ അവിഹിതം. എല്ലാ സദ്അവസരങ്ങൾക്കും മംഗലശ്ശേരി നീലകണ്ഠനും അയാളുടെ ചട്ടമ്പികളും പ്രശ്നമുണ്ടാക്കും. ഉത്സവമാകട്ടെ മേളമാകട്ടെ, അവയെല്ലാം നടക്കും നാട്ടിൽ. പക്ഷെ അത് മംഗലശ്ശേരി മുറ്റത്തായിരിക്കും
മോഹൻലാലും ഇന്നസെന്റും ദേവാസുരത്തിൽ
ഭാനുമതി എന്ന പെൺകുട്ടിയെ ഒടുവിൽ നീലകണ്ഠൻ വിവാഹം കഴിക്കുന്നുണ്ട്. അയാളുടെ ക്രൂരവിനോദങ്ങൾക്ക് പലവട്ടം ഇരയായ പെൺകുട്ടിയാണ് ഭാനുമതി. അയാൾക്ക്‌ ഒരു മാനസ്സാന്തരം ഉണ്ടാകുമ്പോഴാണ് വിവാഹം എന്ന നിലപാടിലേക്ക് എത്തുന്നത് ( അതൊരു ക്ലിഷേ ) നീലകണ്ഠന്റെ താല്പര്യത്തിനു നിർത്തമാടി ചിലങ്കയൂരി എറിയുന്ന ഭാനുമതി മലയാള സിനിമയിലെ ഗംഭീര സീനുകളിൽ ഒന്നാണ്. നീലകണ്ഠൻ ഇനി എത്ര വലിയ കലാപ്രേമി ആണെങ്കിലും, കലാകാരന്മാരോട് ആരാധനയുണ്ടെങ്കിലും അത് ഒരു തെറ്റാണു.



നീലകണ്ഠനെ അടിച്ച് ഇഞ്ചപ്പരുവമാക്കുന്ന ശേഖരന്റെ ആൾകാർ അയാളുടെ ശിങ്കിടികളെയും ഒരവസരത്തിൽ ഒതുക്കുന്നു. നീലകണ്ഠൻ ഭാനുമതിയുമായി നാട് വിട്ട് പോകാനൊരുങ്ങുമ്പോൾ അമ്മാവൻ എന്ന ചോര മരിച്ച അരിശം തീരാത്ത ശേഖരൻ ചോരയ്ക്ക് ചോര എന്ന നിലപാടിൽ ഭാനുമതിയെ തട്ടിക്കൊണ്ടു പോകുന്നു. ഭാനുമതിയെ ഒന്നും ചെയ്യരുത് എന്ന ശേഖരനോട് അപേക്ഷിക്കുമ്പോൾ ശേഖരൻ നീലകണ്ഠനോട് പറയുന്ന ഒരു  വാചകമുണ്ട്  " അങ്ങനെ ഒരു ഊച്ചാളി അല്ലെടാ ശേഖരൻ " . ഊച്ചാളി എന്നും നീലകണ്ഠനായിരുന്നു .തന്റെ കുടുംബത്തിന് നീലകണ്ഠൻ മൂലം വന്ന ഒരു മരണത്തിനു പകരം ചോദിക്കുക മാത്രമാണ് അയാൾ ചെയ്‌തത്‌. എന്നാൽ നീലകണ്ഠൻ ഇത്രയും കാലം ചെയ്‌തതെല്ലാം ഊച്ചാളിത്തരമായിരുന്നു. ആരും ആഭാസത്തരം കാണിച്ചിട് പറയുന്ന ഫിലോസോഫിയാണ് ഇത് വരെ നീലകണ്ഠൻ പറഞ്ഞിട്ടുള്ളത് .ഒടുവിൽ ഭാനുമതി രക്ഷപെട്ടു എന്ന അറിയുമ്പോൾ അപേക്ഷസ്വരം മാറി പിന്നെയും തെമ്മാടിത്തരം കാണിക്കുകയും നീലകണ്ഠൻ കാണിച്ച ഒരു ഊച്ചാളിത്തരവും ഇന്നേ വരെ കാണിക്കാത്ത ശേഖരന്റെ വലതു കൈ നീലകണ്ഠൻ അറുത്ത് മാറ്റുന്നു. നായക ലക്ഷണങ്ങളും മറ്റു അഭിനയ ശാസ്ത്രങ്ങളും കൂടി ഇത് പിന്താങ്ങും. അങ്ങനെ നോക്കുകയാണെങ്കിൽ മംഗലശ്ശേരി നീലകണ്ഠനാണ്  ദേവാസുരത്തിലെ വില്ലൻ . മുണ്ടയ്ക്കൽ ശേഖരനാണ് ആ ചിത്രത്തിലെ നായകൻ . 
ഇനി ആ  ചിത്രം ഒന്ന് കണ്ടു നോക്കൂ , മനസ്സിലാകും !

Comments